കെഎസ്ആര്‍ടിസി എന്ന പേര് ഇനി കേരളത്തിന് മാത്രം സ്വന്തം

തിരുവനന്തപുരം: കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി എന്ന പേര് ഇനി കേരളത്തിന് മാത്രം. എന്നാല്‍, ഈ ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു.