തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായംഗങ്ങള്‍ക്കുള്ള സ്കോളര്ഷിപ്പുകളില് 80: 20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു കണ്ടെത്തല്‍. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്

