സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് ഒരു ലക്ഷം രൂപ പിഴയും ഹര്‍ജിക്കാര്‍ക്ക് വിധിച്ചു.നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ അതേ സൈറ്റില്‍ തന്നെയാണ് താമസിക്കുന്നത്. അതിനാല്‍ തൊഴിലാളികള്‍ക്കിടയിലും പുറത്തും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. സംസ്ഥാനത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കണമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സുപ്രീംകോടതി തന്നെ അനുമതി നല്‍കിയതാണ്. സമയബന്ധിതമായി ഈ നവംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.സാമൂഹ്യ പ്രവര്‍ത്തകരായ സുഹൈല്‍ ഹാഷ്മി, അന്യ മല്‍ഹോത്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പഴയ കെട്ടിടങ്ങളോ, ചരിത്രസ്മാരകങ്ങളോ, സ്മാരകങ്ങളോ പൊളിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ മന്ത്രി സ്വാഗതം ചെയ്തു.