കോട്ടയം : പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യേറിയവര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് കൈമാറി. പീരുമേട് വില്ലേജ് താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇതിലൊരാള്‍ രണ്ടുമാസം മുമ്പ് വിരമിച്ചിരുന്നു. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തു. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പനയും നടത്തി. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കിയപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്.
മൂന്നാറില്‍ 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കി വ്യാജ പട്ടയ രേഖ ഉണ്ടാക്കിയ അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്.
2020-07-28