റഷ്യയുടെ സ്പുട്നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. മോസ്കോയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് വാക്സിൻ ഹൈദരാബാദിൽ എത്തിച്ചത്. വിമാനത്തില്‍ നിന്ന് വാക്സിന് ബോക്സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു.
രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡ്19 നെതിരായ റഷ്യൻ – ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളിൽ വൻവർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സർക്കാർ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയത്. സ്പുട്നിക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നും റഷ്യ അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചുരുന്നു. എന്നാൽ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും.

