ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകാൻ വാക്സിൻ ഇല്ല

vaccine

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലൂടെ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകാൻ വാക്സിൻ ഇല്ല.ആവശ്യക്കാർ ഏറിയതോട സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി വിതരണം ചെയ്യുന്നവരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മറ്റ് മരുന്നുകൾ വിൽക്കുന്നതുപോലെ ഇത് നൽകാനാകില്ലെന്നും ആറുമാസമെങ്കിലും കഴിയാതെ നേരിട്ടുള്ള വിതരണം സാദ്ധ്യമല്ലെന്നുമാണ് അവരുടെ മറുപടി.എന്നാൽ ജനങ്ങൾ രണ്ടാം ഡോസിനായി നിരന്തരം ആശുപത്രികളുമായി ബന്ധപ്പെടുകയും ക്ഷോഭിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.

വാ‌ക്‌സിൻ എത്തിക്കാനും വിതരണം ചെയ്യാനും വിപുലമായ കോൾഡ് ചെയിൻ സ്റ്റോറേജ് ശൃംഖല വേണം. സർക്കാർ മേഖലയിലാണ് ഇതുള്ളത്. ഇതാണ് സ്വകാര്യമേഖലയ്ക്കുള്ള വെല്ലുവിളി. ഈ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ വിതരണക്കാർ. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാ‌ക്‌സിൻ വിതരണം സുഗമമായി നടന്നിരുന്നു. ഡോസിന് 250രൂപയാണ് ഈടാക്കിയത്.

പതിവായി സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ വാ‌ക്‌സിനെടുക്കാനും അവരെയാണ് ആശ്രയിച്ചത്. ഇപ്പോൾ രണ്ടാംഡോസ് കിട്ടാത്ത സ്ഥിതിയായി.ഏപ്രിൽ അവസാനമാണ് സ്വകാര്യ ആശുപത്രികൾക്കുള്ള വാ‌ക്‌സിൻ വിതരണം സർക്കാർ പൂർണമായും അവസാനിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് കേന്ദ്രത്തിൽ നിന്ന് വാ‌ക്‌സിൻ കിട്ടാത്തതാണ് കാരണം. സംസ്ഥാനത്തിന് ലഭിക്കുന്ന വാ‌ക്‌സിന്റെ ഒരു വിഹിതമെങ്കിലും നൽകണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.