ആംബുലൻസ് ഇല്ലെങ്കിൽ പകരം സംവിധാനം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് ആദ്യ ഘട്ട വ്യാപന സമയത്ത് സജീവമായിരുന്ന വാർഡ് തല സമിതികൾ ഇപ്പോൾ പലയിടത്തും സജീവമല്ലെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വാർഡ്തല സമിതികൾ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളികളാണെന്നും ഇവരുടെ പക്കൽ അഞ്ച് പൾസ് ഓക്‌സി മീ‌റ്ററെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൾസ് ഓക്‌സിമീ‌റ്ററുകൾക്ക് പൂൾ തയ്യാറാക്കണം.

വയോജനങ്ങളുടെയും രോഗികളുടെയും പട്ടിക തയ്യാറാക്കണം. സന്നദ്ധ പ്രവർത്തകരെയും ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കൃത്യമായി നിരീക്ഷിച്ചാൽ മരണനിരക്ക് കുറയ്‌ക്കാൻ സാധിക്കും.

ഓരോ വ്യക്തിയും കുടുംബവും സ്വീകരിക്കേണ്ട കൊവിഡ് മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരണം വാർഡ് തല സമിതി ഏ‌റ്റെടുക്കണം. ഇത് സമൂഹമാദ്ധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അലംഭാവം വെടിഞ്ഞ് വാർഡ്തല സമിതികൾ സജീവമാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആംബുലൻസ് ഇല്ലെങ്കിൽ പകരം സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.