കെ മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് വോട്ടു കൂടുതല്‍ പിടിച്ചതുകൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് കുമ്മനം രാജശേഖരന്‍. ‘നേമത്ത് ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു’അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തുടനീളം ബിജെപിയെ പരാജയപ്പെടുത്താന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്നെന്ന് മുരളീധരന്റെ പ്രസ്താവനയില്‍ നിന്ന് വ്യകത്മാണെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ കുറിപ്പ് :

കെ. മുരളീധരൻറെ പ്രസ്‌താവന വിചിത്രം.
കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻറെ പ്രസ്‌താവന വളരെ വിചിത്രമായിരിക്കുന്നു.
2019 -ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.
2021 -ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിൻറെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്.
തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിൻറെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരൻറെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിൻറെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.
കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരൻറെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.