തിരുവനന്തപുരം: പതിനെട്ടിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുത്തിവയ്‌പ് ഇന്നു തുടങ്ങാനാവില്ല. കൊവിഡ് വാക്സിനേഷന് ഇനിയും കാത്തിരിക്കണം. കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ 45 വയസിനു മുകളിലുള്ളവർക്കു മാത്രം നൽകണമെന്നും, കുറഞ്ഞ പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വിലയ്ക്കു വാങ്ങി നൽകണമെന്നും കേന്ദ്രം ഉപാധി വയ്ക്കുകയും, രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ പദ്ധതി തകിടം മറിയുകയായിരുന്നു.
കേരളത്തിനു പുറമെ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗോവ, ഗുജറാത്ത്, ഒഡിഷ, യു.പി, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്ര, മദ്ധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ ഇല്ലെന്നും മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കാനാകില്ലെന്നും അറിയിച്ചത്. നേരിട്ടു വാങ്ങാൻ സംസ്ഥാനങ്ങൾ ഓർഡർ നൽകിയെങ്കിലും കാത്തിരിക്കാനാണ് കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും നിർമ്മാതാക്കൾ പറയുന്നത്.ഇതോടെ, മൂന്നാംഘട്ട കുത്തിവയ്പിന് രജിസ്റ്റർ ചെയ്ത 18- 45 പ്രായപരിധിയിലുള്ളവർ തത്കാലം എത്തേണ്ടതില്ലെന്ന് സംസ്ഥാനങ്ങൾ വ്യക്തമാക്കി. മൂന്നാംഘട്ടത്തിനായി 2.45 കോടിയിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

