കണ്ണൂര്‍: പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനായി ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റന്‍. 2020 ജനുവരി 12 ന് രാത്രി 7.45 ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രനാണ് അപകടത്തില്‍ മരിച്ചത്. ഭുവനചന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്ന് നേവിയിലേക്ക് പോകുകയായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെപിസി റെഡി ഓടിച്ചിരുന്ന ബെന്‍സ് കാറിലിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ ഭുവനചന്ദ്രന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 13 ന് പുലര്‍ച്ചെ 12.45 ഓടെ മരിക്കുകയായിരുന്നു.
ഇയാളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നേവി ക്യാപ്റ്റനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. നാട്ടുകാരായ സാക്ഷികളില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.
2021-04-27

