ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍. ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു’യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
‘ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’അദ്ദേഹം വ്യക്തമാക്കി.600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.
അതേസമയം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദഗ്ധ ഡോക്ടടര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.