കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു.സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ കൂട്ടിരിക്കാൻ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ 50 ശതമാനം ആയി വെട്ടികുറച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇന്ന് തീരുമാനിച്ചിരുന്നു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര് മാത്രം ജോലി ചെയ്താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.