കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്. മുൻ പ്രധാനമന്ത്രി അഞ്ചി നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.രാജ്യത്ത് വാക്സിനേഷൻ ഊർജിതമാക്കണം. കത്തിലാണ് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പരമ പ്രധാനം വാക്സിനേഷനാണെന്ന് മുൻ പ്രധാന മന്ത്രി ഡോ മൻമോഹൻ സിംഗ് കത്തിൽ വ്യക്തമാക്കുന്നു.
സമയാസമയങ്ങളിൽ വാക്സിൻ എത്തിക്കുന്നത് ഉറപ്പു വരുത്താനായി, അടുത്ത ആറു മാസത്തിനിടെ എത്ര വാക്സിൻ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം. വാക്സിനുകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കണം.
വാക്സിൻഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്സിൻ നിർമ്മാതാക്കൾക്ക് സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സഹായം നൽകണം. വാക്സിൻ ക്ഷാമം നേരിട്ടാൽ വിശ്വസനീയമായ ഏജൻസികളുടെ അനുമതി ലഭിച്ച വാക്സിനുകൾ ഇറക്കുമതി ചെയ്യണം എന്നിവയാണ് മൻമോഹൻ സിംഗ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വർധിച്ചത്.
തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേർ.