കൊച്ചി: ഇഡിയും ക്രൈംബ്രാഞ്ചും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. കേസുകള്‍ റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെ തിരക്കുപിടിച്ചുള്ള ക്രൈംബ്രാഞ്ച് നീക്കം അനാവശ്യമാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുത്തത്.
ഇഡി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടണം. ഓഡിയോ സന്ദേശത്തിന്റെ നിജസ്ഥിതി അറിയണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സ്വപ്നയെ ജയിലിലെത്തി കണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഈ നീക്കത്തെയാണ് ഇഡി അഭിഭാഷകന്‍ എതിര്‍ത്തത്. ഹൈക്കോടതി 16ന് ഉത്തരവ് പറയാനിരിക്കെ തിടുക്കപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് നടപടി അനുചിതവും, അനാവശ്യവുമാണെന്ന് ഇ.ഡി നിലപാടെടുത്തു.
2021-04-14