തിരുവനന്തപുരം: കേരളത്തില്‍ അധികാരം പിടിക്കുമെന്ന് ഡി സി സികള്‍ വഴി കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ച് കോണ്‍ഗ്രസ്.69 സീറ്റുകളില്‍ ഉറപ്പായും ജയിക്കുമെന്ന വിലയിരുത്തലിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.കനത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ കുറച്ചെങ്കിലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ കേവല ഭൂരിപക്ഷത്തിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ പ്രാവശ്യത്തതിനെക്കാള്‍ നേട്ടം കൊയ്യാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കണ്ണൂരിലും കൂത്തുപറമ്പിലും അട്ടിമറിയുണ്ടാവുമെന്ന് സൂചനകളും നേതാക്കള്‍ നല്‍കുന്നുണ്ട്. ധര്‍മ്മടത്ത് ബി ജെ പി രണ്ടാം സ്ഥാനത്തേക്ക് വരുമോയെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നത് ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് ജില്ലയില്‍ നിന്ന് കെ പി സി സിക്ക് ലഭിച്ചിരിക്കുന്ന വിവരം. മലപ്പുറത്ത് പതിനൊന്ന് സീറ്റുകള്‍ യു ഡി എഫ് തന്നെ നിലനിര്‍ത്തും. പാലക്കാട് അഞ്ച് സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷ. തൃത്താലയില്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. പാര്‍ട്ടിയില്‍ നിന്നു തന്നെ പാലംവലി ഉണ്ടായിട്ടില്ലെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഷാഫി ജയിക്കും. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂര്‍, നെന്മാറ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.ഇത് നാലും ഇടതിന്റെ സിറ്റിംഗ് സീറ്റുകളാണ്.കോട്ടയത്ത് പുതുപ്പളളി, കോട്ടയം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി എന്നീ സീറ്റുകളില്‍ യു ഡി എഫ് ജയം ഉറപ്പിക്കുന്നു. പത്തനംതിട്ടയില്‍ കോന്നി, റാന്നി, ആറന്മുള സീറ്റുകളില്‍ വിജയിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.അതേസമയം, തിരുവനന്തപുരത്ത് എല്ലാസീറ്റിലും മത്സരം കടുപ്പമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച് തുടര്‍ഭരണം നേടും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
2021-04-10

