വിഷൻ 2031 കാർഷിക സെമിനാറിൽ കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്.
കേരളത്തിന്റെ കാർഷിക രംഗത്ത് 10, 000 കോടിയുടെ അന്താരാഷ്ട്ര ബിസിനസ്, വന്യമൃഗ ശല്യത്തിന് നബാർഡ് സഹകരണത്തോടെ ആയിരം കോടി രൂപയുടെ പത്തു വർഷ പദ്ധതി, പതിനായിരം യുവാക്കൾക്ക് കാർഷിക രംഗത്ത് എ ഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം, ആയിരം സ്കൂളുകളിൽ സ്കൂൾ ഫാമുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന കർമ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
വിഷൻ 2031 സംസ്ഥാനതല കാർഷിക സെമിനാർ ആലപ്പുഴ എസ് കെ കൺവെൻഷൻ സെന്ററിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷം കർഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം, പതിനായിരം ‘കേരളാഗ്രോ’ ഉൽപ്പന്നങ്ങൾ, കാബ്കോ നേതൃത്വത്തിൽ അമ്പത് അന്താരാഷ്ട്ര ബിസിനസ് മീറ്റുകളിൽ പങ്കാളിത്തം, ‘കൃഷി സമൃദ്ധി’ 750 പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത, ‘നവോത്ഥാൻ’ വഴി ഒരു ലക്ഷം ഹെക്ടർ കൃഷി എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 4.65 ശതമാനം വളർച്ച കൈവരിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിന്റെ കാർഷിക മേഖല നേടിയ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. ഈ കാലഘട്ടത്തിൽ അഖിലേന്ത്യ ശരാശരി 2.1 ശതമാനം മാത്രമാണ് എന്നുള്ളത് കേരളത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടുന്നു. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ചും, മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകി ദ്വിതീയ കാർഷിക മേഖലയെ ശക്തിപ്പെടുത്തിയുമാണ് ഈ നേട്ടം സാധ്യമാക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയതോടെ 23,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ദ്വിതീയ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുവാൻ സിയാൽ മാതൃകയിൽ കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്കോ) രൂപീകരിച്ചത് മൂല്യവർദ്ധിത കാർഷിക ഉല്പനങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാൻ സഹായകമായി എന്നും മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യം മൂലം കൃഷിക്ക് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് കൃഷിവകുപ്പും നഷ്ട പരിഹാരം നൽകുന്നുണ്ട്. കൃഷി പ്രദേശങ്ങൾ സംരക്ഷിക്കാൻ വകുപ്പ് മൂന്നു കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നും ചെലവഴിച്ചു. ഈ സർക്കാരാണ് ആദ്യമായി ഇത്തരം ഒരു ഉൾപ്പെടുത്തൽ നടത്തിയത്. വന്യമൃഗശല്യം ഫലപ്രദമായി തടയാൻ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി തുടങ്ങി എന്നും മന്ത്രി പറഞ്ഞു.

