വി.എസ്.അച്യുതാനന്ദന് വിട നൽകാൻ കേരളം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരം വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിൽ എത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിവരെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ അവസാനമായി കാണാനായി തലസ്ഥാനത്ത് ജനപ്രവാഹം . കക്ഷി ഭേദമന്യേ വിവിധ രാഷ്ട്രീയ നേതാക്കൾ വി.എസ്.അച്ച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി വിഎസിന്റെ മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വഴിയുള്ള നിരവധി കേന്ദ്രങ്ങളിലായി പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഓഫീസിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് രാവിലെ പത്ത് മണിമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

വി.എസ്. അച്യുതാനന്ദന് ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കൊളളും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണെന്നും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കുമെല്ലാം അവധി ആണെന്നും അറിയിപ്പുണ്ട്. ആലപ്പുഴയിൽ സംസ്കാരം നടക്കുന്നതിനാൽ നാളെയും അവധിയായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.