‘ട്രംപ് മൊബൈൽ’: മൊബൈൽ നിർമ്മാണ രംഗത്ത് കാലെടുത്തുവെച്ച്അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പായ ട്രംപ് ഓർഗനൈസേഷൻ പുതിയ മേഖലയിൽ കാലെടുത്തു വെക്കുകയാണ് – മൊബൈൽ ഫോൺ നിർമ്മാണം. ‘ട്രംപ് മൊബൈൽ’ എന്ന പേരിലാണ് കമ്പനി ആധുനിക സ്മാർട്ട്‌ഫോൺ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യം പുറത്തിറക്കുന്നത് ‘ടി1’ എന്ന മോഡലാണ്, അമേരിക്കയിൽ $499 (ഏകദേശം ₹43,000) വിലയ്ക്കാണ് ഈ ഫോണിന്റെ വിപണനമെന്നു കമ്പനി അറിയിച്ചു.

യുഎസ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ട്രംപ് മൊബൈൽ നിർമ്മിക്കുന്ന എല്ലാ ഫോണുകളും പൂർണമായും “മെയ്‌ഡ് ഇൻ യുഎസ്” ആയിരിക്കും എന്നു ട്രംപന്റെ മകൻ എറിക് ട്രംപ് അറിയിച്ചു. കമ്പനി അവതരിപ്പിച്ച ആദ്യമോഡലായ ടി1 ഫോൺ സ്വർണ നിറത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മാസാന്ത്യ റീചാർജായി $47.45 (ഏകദേശം ₹4,000) നൽകേണ്ടിവരും.

നിലവിൽ യുഎസിൽ എ.ടി.&ടി., വെറിസോൺ, ടി-മൊബൈൽ തുടങ്ങിയ പ്രമുഖ സേവനദാതാക്കൾ $40-ൽ താഴെ പ്രതിമാസ പ്ലാനുകൾ നൽകുമ്പോഴാണ്, ട്രംപ് മൊബൈൽ കൂടുതലുള്ള നിരക്കിൽ വിപണിയിൽ പ്രവേശിക്കുന്നത്. എന്നാൽ, ട്രംപ് മൊബൈലിന്റെ “47 പ്ലാൻ” പരിധിയില്ലാത്ത കോളുകളും, ഇന്റർനെറ്റും, സന്ദേശങ്ങളും മാത്രമല്ല, ടെലിഹെൽത്ത് സേവനവും റോഡ്‌സൈഡ് അസിസ്റ്റൻസ് സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മോഡൽ സെപ്റ്റംബർ മാസത്തിലാണ് വിപണിയിലെത്തുന്നത്. ഇപ്പോള്‍ $100 നൽക്കി പ്രീ-ബുക്ക് ചെയ്യാൻ കഴിയും.

എല്ലാ ഘടകങ്ങളും അമേരിക്കയിൽ നിർമ്മിക്കുന്നതാണെന്ന എറിക് ട്രംപിന്റെ അവകാശവാദം നിലനില്ക്കുമ്പോഴും, സ്മാർട്ട്‌ഫോണിനാവശ്യമായ പല പ്രധാന ഘടകങ്ങളും വിദേശരാജ്യങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത് എന്നതാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ‘100% യുഎസ് മെയ്‌ഡ്’ ഫോൺ സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല.

ട്രംപ് ഓർഗനൈസേഷൻ നിരവധി മേഖലകളിൽ വ്യാപിച്ചിരിക്കുന്നു – പ്രധാനമായും റിയൽ എസ്റ്റേറ്റ്, ആഡംബര ഹോട്ടലുകൾ, ഗോള്ഫ് റിസോർട്ടുകൾ തുടങ്ങിയവയിൽ. ഇനിയുള്ള വർഷങ്ങളിൽ ഡിജിറ്റൽ മീഡിയയും ക്രിപ്റ്റോകറൻസിയും ഉൾപ്പെടെ കൂടുതൽ സാങ്കേതിക മേഖലയിലേക്കും കമ്പനി പ്രവേശനം നടത്തുകയാണ്. ട്രംപ് പ്രസിഡന്റായതിനു ശേഷം അദ്ദേഹത്തിന്റെ മക്കളാണ് ബിസിനസുകളുടെ മേൽനോട്ടം ഏറ്റെടുത്തത്. എന്നാല്‍ പുതിയ ബിസിനസ് തന്ത്രങ്ങൾ അധികാര ദുരുപയോഗത്തിലേക്കും സ്വകാര്യ ലാഭത്തിനും വഴിവെക്കുന്നതായാണ് ചില വിമർശനങ്ങൾ ഉയരുന്നത്.