തിരുവനന്തപുരം: പേവിഷ ബാധയെ തുടർന്ന് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരിയായ നിയ ഫൈസൽ മരിച്ചു. കുട്ടി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. വാക്‌സിൻ എടുത്തിട്ടും രോഗം ബാധിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുകയാണ്.
കോഴിക്കോട് മരിച്ച മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസിന് പിന്നാലെയാണ്, കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയയുടെ മരണം. ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആറ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 8ന് ഉച്ചയോടെ കുന്നിക്കോടിലുള്ള വീട്ടുമുറ്റത്ത് കുട്ടിയെ താറാവിനെ പിന്തുടർന്നെത്തിയ നായ കടിയുകയായിരുന്നു. ഉടൻ തന്നെ ഐ.ഡി.ആർ.വി വാക്സിന്റെ ആദ്യ ഡോസും ആന്റി റാബിസ് സിറവും നൽകി. മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.അതിനുമുമ്പായാണ്, ഏപ്രിൽ 28ന് കുട്ടിക്ക് പനി തുടങ്ങുകയും പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്. വാക്സിൻ യഥാസമയം സ്വീകരിച്ചതിനാൽ രോഗം ബാധിക്കില്ലെന്ന് കുടുംബം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ നായയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ല. നായയുടെ അവസ്ഥ എന്തായെന്ന് വ്യക്തമല്ല.
സിയയ്ക്ക് കടിയേറ്റത് മാർച്ച് 29നാണ് . പെരുന്നാളിന് കച്ചവടസ്ഥലത്തേക്ക് പോകുമ്പോഴാണ് നായ ആക്രമിച്ചത്. ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ച് വാക്സിൻ നൽകി. മുറിവുകൾ ഉണങ്ങുമ്പോഴാണ് പനി വന്നത്, തുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20-ലധികം മുറിവുകളുണ്ടായിരുന്നു.
2021-ൽ 11 പേരും, 2022-ൽ 27 പേരും, 2023-ൽ 25 പേരും, 2024-ൽ 26 പേരും സംസ്ഥാനത്ത് പേവിഷ ബാധയെ തുടർന്ന് മരിച്ചു. 2025-ൽ അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴേക്കും 14 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ കൂടുതലും കുട്ടികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 102 പേരാണ് മരിച്ചത്, ഇവരിൽ 20 പേർ വാക്സിൻ സ്വീകരിച്ചവരായിരുന്നു.
നായ കടിയ്‌ക്കുന്നതിനു ശേഷം ഉടൻ സോപ്പ്, വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുകയും, വാക്സിൻ അടിയന്തിരമായി സ്വീകരിക്കുകയും ചെയ്യണം എന്നതാണ് ഡോക്ടർമാരുടെ നിർദേശം.

