പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച്പാകിസ്ഥാനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ

politics

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ, ആദ്യമായി ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടറുകൾ അടച്ചുവച്ചതിനാൽ ജലനിരപ്പ് താഴ്ച്ചയിൽ എത്തി. അടുത്തിടെ, ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇതിനോടൊപ്പം, സിന്ധു നദീജല കരാർ പുനപരിശോധിക്കാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഭീകരവാദത്തിന് പാകിസ്ഥാൻ തുടരുന്ന പിന്തുണക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ എട്ടിടങ്ങളിൽ പാക് സൈന്യം വെടിവെപ്പ് നടത്തി, അതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും വലിയ പ്രകോപനമാണിത് എന്നുമാണ് ഔദ്യോഗിക നിലപാട്.

ഇതിനിടെ, ദേശീയ സുരക്ഷ കണക്കിലെടുത്ത് പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചു.

പഴം, സിമൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ എന്നിവയാണ് പ്രധാനമായി പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിചെയ്തിരുന്നത്. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയുടെ ആകെ മൂല്യം 4.2 ലക്ഷം ഡോളറായിരുന്നു. മുൻകാലയളവിൽ ഇത് 28.6 ലക്ഷം ഡോളറായിരുന്നു എന്നത് ഇരുരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരബന്ധം എത്രമാത്രം ഇടിഞ്ഞു എന്നു വ്യക്തമാക്കുന്നു.