മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലൂസിഫറിന്‍റെ തുടർച്ചയായ ചിത്രമാണെന്ന് അറിഞ്ഞപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയിലെ 17 രംഗങ്ങൾ നിർമാതാക്കൾ മാറ്റിയതും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നതായും മനസ്സിലായതിനെ തുടർന്ന് താൻ സിനിമ കാണില്ലെന്ന് തീരുമാനിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ ആരാധകരെയും പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഒരു സിനിമയെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് കഥ രചിക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

അതേസമയം, സിനിമയിൽ ചില ഭാഗങ്ങൾ വെട്ടിയതിനുശേഷവും വിവാദം അവസാനിച്ചിട്ടില്ല. സിനിമക്കെതിരെ സംഘപരിവാർ അനുഭാവികൾ വിമർശനം തുടരുന്നതിനിടെ, എമ്പുരാൻ കൂട്ടായ്മക്ക് DYFI പിന്തുണ പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും.