രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലെത്തുന്നു; പരമാവധി വേഗത 200 കിലോമീറ്റർ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വലിയ മുന്നേറ്റങ്ങളിലൊന്നായ ഹൈഡ്രജൻ ട്രെയിൻ രാജ്യത്ത് സേവനം ആരംഭിക്കാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. മാർച്ച് 31ന് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലെത്തുമെന്നാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ചെന്നൈയിലെ ഉദ്യോഗസ്ഥൻ യു സുബ്ബ റാവു അറിയിച്ചിരിക്കുന്നത്. ഡൽഹി ഡിവിഷനിലെ ജിന്ദ്-സോണിപത്ത് റൂട്ടിലാണ് ആദ്യം ഈ ഹൈഡ്രജൻ ട്രെയിൻ ഓടുമെന്നതായി റിപ്പോർട്ടുകളുണ്ട്. 89 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ 140 മുതൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.

2,638 യാത്രക്കാരെ ഒരേ സമയം കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ചെന്നൈ പെരമ്പൂരിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ഹൈഡ്രജൻ ട്രെയിനിന്റെ സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്.

ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) രൂപപ്പെടുത്തിയാണ്. നിലവിൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

ജിന്ദ്-സോണിപത്ത് റൂട്ടിലാകും ആദ്യ സർവീസ് എന്ന സൂചനകളുണ്ടെങ്കിലും ഇതു സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒരു ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണച്ചെലവ് 80 കോടി രൂപയാണ്. 2,800 കോടി രൂപയുടെ പദ്ധതിയിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഓരോ ട്രെയിനിലും 10 ബോഗികൾ ഉൾപ്പെടും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനുകളിൽ കൂടുതൽ ബോഗികൾ ഉണ്ടാകും. ഇംഗ്ലണ്ട്, ചൈന, ജർമനി, ഫ്രാൻസ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലുമധികം കരുത്തുള്ളതാകും ഇന്ത്യ നിർമ്മിച്ച ട്രെയിനുകളെന്ന സൂചനകളുണ്ട്.