കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജിയാണ് കോടതി നിരാകരിച്ചത്. നേരത്തെ, സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ പ്രതിയായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് തീർച്ചയായും വീഴ്ചവഹിച്ചുവെന്നായിരുന്നു ഹർജിയിലെ ആരോപണം. നവീൻ ബാബുവിനെ കൊലപ്പെടുത്തിയെന്ന സംശയം കുടുംബം ഉയര്‍ത്തിയിരുന്നു.
എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണകാരണം ആത്മഹത്യയാണെന്നും അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതായും സർക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ കോടതി നിർദേശം ലഭിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു.

