വിരമിക്കുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി

pention

വിരമിക്കുന്നതോടെ സ്ഥിര വരുമാനമാര്‍ഗം അടയുന്നതിനാല്‍ സാമ്പത്തിക സുരക്ഷ എല്ലാവരുടെയും പ്രധാന പരിഗണനയാണ്. നിലവില്‍, പെന്‍ഷന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍, എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകുന്ന ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപടികള്‍ മുന്നോട്ടു വെച്ചതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കായി നേരത്തെ തന്നെ വിവിധ പെന്‍ഷന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി അതില്‍ നിന്നും വ്യക്തമായി മാറുന്നതാണ്. പാരമ്പര്യേതരമായ തൊഴില്‍ ഘടനയ്ക്കകത്തും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപകമായ ജനവിഭാഗത്തിന് ഘടനാപരമായ പെന്‍ഷന്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയില്‍ ചേരുന്നതിന് ഒരു സ്ഥിര ജോലി ആവശ്യമില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും കാലക്രമേണ തങ്ങളുടെ പെന്‍ഷനിലേക്കു സംഭാവന നല്‍കി സംരക്ഷണം ഉറപ്പാക്കാനാകും.