തിരുവനന്തപുരം: ഹൈസ്കൂളിൽ മാത്രമല്ല ഏഴാം ക്ലാസ് മുതൽ താഴെയുള്ള തലങ്ങളിലേക്കും ഓൾപാസ് സംവിധാനം ഘട്ടംഘട്ടമായി പിൻവലിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രധാന വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിനായി അടുത്ത അധ്യായന വർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും.
കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്ന രീതിയോട് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഈ വർഷം എട്ടാം ക്ലാസിൽ, അടുത്ത വർഷം ഒൻപതിലും പിന്നീട് പത്താം ക്ലാസിലും ഓൾപാസ് സംവിധാനം ഒഴിവാക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ എട്ടാം ക്ലാസിനും താഴെയുള്ള തലങ്ങളിലും ഈ നീക്കം വ്യാപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗുണമേന്മാ വിദ്യാഭ്യാസ സെമിനാറിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഏഴാം ക്ലാസിലേയ്ക്ക് തുടക്കമാക്കി താഴെതട്ടിലേക്കും എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. പാസിനായി ആവശ്യമായത് ആകെ മാർക്കിന്റെ 30% ആയിരിക്കുമെങ്കിലും, അതുവരെ വിദ്യാർത്ഥിയെ തോൽപ്പിക്കില്ല. പകരം, അതേ അധ്യായനവർഷത്തിൽ തന്നെ കൂടുതൽ പരിശീലനം നൽകി പുതിയ പരീക്ഷ എഴുതാനുള്ള അവസരം നൽകും.
3 മുതൽ 9 വരെ ക്ലാസുകളിലെ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉറപ്പാക്കാൻ “സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ്” എന്ന പ്രത്യേക പരീക്ഷ ആവിഷ്കരിക്കും. വാർഷിക പരീക്ഷക്ക് മുമ്പ് തന്നെ കുറവ് മാർക്ക് ലഭിച്ചവർക്ക് പ്രത്യേക പരിശീലനം നൽകാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

