ദില്ലിയിൽ ഭൂചലനം: പ്രഭവ കേന്ദ്രം ധൗല കുവ, വിമാനത്താവളത്തിന് സമീപം : നഗരവാസികൾ ഭീതിയിൽ

ദില്ലിയിൽ പുലർച്ചെ അനുഭവപ്പെട്ട ഭൂചലനം നഗരവാസികളെ ആശങ്കയിലാഴ്ത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. ദുര്‍ഗാ : ഭായി ദേശ്മുഖ് കോളേജിന് സമീപം അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ ഉത്ഭവം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തുടർച്ചയായ പ്രകമ്പനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 5.36ന് ദില്ലിയിൽ അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായാണ് പ്രദേശവാസികൾ അറിയിച്ചത്. പ്രഭവ കേന്ദ്രത്തിൽ തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ഭീതിയോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭീമമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.