‘കോൺഗ്രസിലും ബിജെപിയിലും ഈഴവർക്ക് അവഗണന തുടരുന്നു’ – വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന സമുദായം ഈഴവരാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും ഈഴവർക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവരെ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളാൻ തയ്യാറാകാത്ത നേതാക്കളെയാണ് ഈഴവർക്കുള്ളത്. തങ്ങളുടെ അനുയായികളെ ശക്തമായ സ്ഥാനങ്ങളിൽ എത്തിക്കാനും മറ്റു വിഭാഗങ്ങളെ പിന്തള്ളി താഴെയിടാനും രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നു. ഇതിന്റെ പ്രതിഫലനമാണ് ഈഴവർ അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റപ്പെടുന്നത്. കോൺഗ്രസിൽ ഇപ്പോൾ ഒരു ഈഴവ എംഎൽഎ മാത്രമേയുള്ളൂ – കെ. ബാബു. കെപിസിസി പ്രസിഡന്റ് പദവിക്കും ഈഴവർ പരിഗണിക്കപ്പെടുന്നില്ല,” എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്.