രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പുതുക്കിയ യുജിസി കരട് വ്യവസ്ഥകള്‍ പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ആണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതുക്കിയ ചട്ടത്തില്‍ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുന്നത് ചാന്‍സലര്‍ (സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍) ആയിരിക്കുമെന്നും കരടില്‍ പറയുന്നു.
ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും കരടില്‍ മുന്നറിയിപ്പ് നല്‍കി. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഇതുവരെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. നിലവില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം പുറത്തുവരുന്നത്.

