ക്ഷേമപെൻഷൻ തട്ടിപ്പ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുമായി അധികൃതർ

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുമായി അധികൃതർ. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും.

അറ്റൻഡർമാരും ക്ലർക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അനർഹർക്ക് കയറിക്കൂടാൻ അവസരം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.