ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്‌കാരം ഉണ്ടാക്കണം; മന്ത്രി കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട: ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്‌കാരം ഉണ്ടാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമാണെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സീസൺ ആണ്. ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ പോകുന്നത്. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റം അല്ല. പല സിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നുണ്ട്. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. ശാസ്ത്രീയമായല്ല പല റോഡുകളും നിർമ്മിച്ചിട്ടുള്ളത്. റോഡ് നിർമ്മാണത്തിനായി പ്രാദേശിക പരിശോധന നടത്തുന്നില്ല. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.