യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകും; ജയിൽ മോചനത്തിന് പിന്നാലെ പ്രതികരണവുമായി അല്ലു അർജുൻ

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് ദാരുണമായ സംഭവമാണെന്ന് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് താരം അറിയിച്ചു. ജയിൽ മോചിതനായതിന് പിന്നാലെയാണ് താരം ഇക്കാര്യം അറിയിച്ചത്.

സന്ധ്യാ തിയേറ്ററിലുണ്ടായത് ദാരുണാമായ സംഭവമാണ്. അതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ യുവതിയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും. കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ ഞാനും കുടുംബവും നേരിട്ടുവെന്ന് നടൻ പറയുന്നു.

തന്നെ പിന്തുണച്ച എല്ലാവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. 20 വർഷത്തിലേറെയായി സിനിമകൾ കാണാൻ തിയേറ്ററുകളിൽ പോകാറുണ്ടെന്നും എന്നാൽ ഇത്തരത്തിൽ നിർഭാഗ്യകരമായ സംഭവം മുൻപുണ്ടായിട്ടില്ല. നിയമം പാലിച്ച് ജീവിക്കുന്ന ഒരാളാണ്. നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും. വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും താരം കൂട്ടിച്ചേർത്തു.