കൊച്ചി: എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസൻസ് കെ. സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് കൈമാറി.
എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ജനറൽ ആശുപത്രിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബുള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

