സുപ്രീം കോടതിയിൽ നൽകിയ ഹർജി അപ്രസക്തം; മാല പാർവതിക്കെതിരെ ഡബ്ല്യുസിസി

കൊച്ചി: നടി മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്ന് ഡബ്ല്യുസിസി അറിയിച്ചു. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടി ഹർജി നൽകിയത്.

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നേരത്തെ നടി മാലാ പാർവ്വതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി വ്യക്തമാക്കി.

സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി കൂട്ടിച്ചേർത്തു.