വഖഫ് ബോർഡിന്റെ കാലാവധി താത്ക്കാലികമായി നീട്ടി ഹൈക്കോടതി

കൊച്ചി : സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി താത്ക്കാലികമായി നീട്ടി ഹൈക്കോടതി. ഡിസംബർ 14ന് ആണ് 12 അംഗ ബോർഡിന്റെ സമയപരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് കാലാവധി ദീർഘിപ്പിച്ച് നൽകിയത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സാധാരണ നിലയിൽ വഖഫ് ബോർഡിന്റെ കാലാവധി അഞ്ച് വർഷമാണ്. നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.