കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പിപി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവർ ആരൊക്കെയെന്ന് വിശദമായ അന്വേഷണം വേണം. കലക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്‌സിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണം. ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എഡിഎമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

