കണ്ണൂർ: വയനാട് ദുരന്തത്തിൽ
ധനസഹായം വൈകുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയ്ക്ക് പുറത്താണോയെന്ന് അദ്ദേഹം ചോദിച്ചു. സഹായം ഒരു പ്രത്യേക കണ്ണിൽ മാത്രം കൊടുത്താൽ പോര. ആന്ധ്രയിലും ബിഹാറിലും അസമിലും ഗുജറാത്തിലും കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂത്തുപറമ്പ് രക്തസാക്ഷിദിന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂരൽ മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നൽകിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ എത്തി വീണ്ടും സഹായം ചോദിച്ചു. ദുരന്ത നിവാരണ നിധിയിൽ നിന്നും പണം എടുക്കാമെന്നാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അത് എടുത്താൽ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കിൽ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാൻ വ്യവസ്ഥ ഇല്ല. മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ. കേരളം ഇന്ത്യക്ക് പുറത്താണോ. കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സർക്കാർ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

