രാത്രി കാലങ്ങളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണേ; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്ര ക്രോസിങ്ങുകൾ തിരഞ്ഞെടുക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രാത്രി കാലങ്ങളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഡ്രൈവർമാരുടെ കാഴ്ചയിൽ പെടുന്ന രീതിയിൽ തെളിച്ചമുള്ളതോ തിളങ്ങുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. റോഡിനു ഇരു പുറവും നോക്കി വാഹനങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കുക.

റോഡ് മുറിച്ചു കചക്കുമ്പോൾ ശ്രദ്ധ വേണം. മൊബൈൽ ഫോൺ ഉപയോഗിച്ചോ ഹെഡ് ഫോൺ ഉപയോഗിച്ച് കൊണ്ടോ റോഡ് മുറിച്ചു കടക്കാതെ ഇരിക്കുക. ട്രാഫിക് സിഗ്‌നലുകളും കാൽനടയാത്രക്കാർക്കായി സ്ഥാപിച്ച ബോർഡുകളും എല്ലായ്പോഴും ശ്രദ്ധിക്കുക.

നടക്കുമ്പോൾ റോഡിന്റെ വശത്തു കൂടിയോ അനുവദിക്കപ്പെട്ട സ്ഥലത്തു കൂടിയോ മാത്രം നടക്കുക. കഴിയുമെങ്കിൽ റോഡിൽ വരുന്ന ഡ്രൈവർമാരുമായി നോട്ടം കൊണ്ടോ ആംഗ്യത്തിലൂടെയോ ആശയ വിനിമയം നടത്തി അവർ നിങ്ങളെ കണ്ടു എന്നുറപ്പിക്കുക. വളവുകളിൽ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനങ്ങൾ വരുന്നില്ല എന്നുറപ്പു വരുത്തുക.