എൽഡിഎഫിന്റെ വർഗീയ കാർഡുകൾക്കൊപ്പമല്ല ജനം യുഡിഎഫിന്റെ മതേതരത്വത്തിന് ഒപ്പം; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിക്കളിക്കുന്ന എൽഡിഎഫിന്റെ വർഗീയ കാർഡുകൾക്കൊപ്പമല്ല ജനം യുഡിഎഫിന്റെ മതേതരത്വത്തിന് ഒപ്പമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലീഗിനെതിരെ വിമർശനം ഉണ്ടാകും. ഇല്ലെങ്കിലെ അത്ഭുതമുള്ളൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്. ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല. ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇടതുപക്ഷമില്ലെങ്കിൽ മുസ്ലിംകൾ രണ്ടാംകിട പൗരന്മാരാകുമെന്ന് വരെ പറഞ്ഞവരാണ് സിപിഎമ്മുകാർ. പുരോഗമന രാഷ്ട്രീയത്തിന് പകരം വർഗീയ പ്രചാരണമാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി അനുഭവപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയപ്പോഴും ചേലക്കര എൽഡിഎഫിനൊപ്പമായിരുന്നു. ആ ചേലക്കരയിൽ വലിയ വോട്ട് നഷ്ടമാണ് സിപിഎമ്മിനുണ്ടായത്. ഇടതുപക്ഷത്തിന് എവിടെയും ഒന്നും നേടാനായിട്ടില്ല. മതേതര കാഴ്ചപ്പാടോടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജനം അംഗീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.