നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ല; പരാതിക്കാരിയായ നടി

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും നടി അറിയിച്ചു.

താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതിനാൽ പരാതി പിൻവലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി അറിയിച്ചു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നടന്മാർക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു.