പാലക്കാട്: ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പാലക്കാട് ജില്ല ഭരണകൂടം. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തിയെന്ന് ജില്ല കളക്ടർ ഡോ എസ് ചിത്ര അറിയിച്ചു.
പാലക്കാട് മണ്ഡലത്തിൽ 2700 ഇരട്ട വോട്ടുകൾ ഉണ്ടെന്ന് സിപിഎം പരാതി നൽകിയിരുന്നു. തുടർന്നാണ് ജില്ല ഭരണകൂടം നടപടി ആരംഭിച്ചത്. അതാത് ബൂത്തുകളിൽ ഉള്ള മരിച്ചവരുടെയും സ്ഥിരതാമസമില്ലാത്തവരുടെയും പട്ടിക തയ്യാറാക്കി. ഇതനുസരിച്ച് പാലക്കാടിന്റെ അതിർത്തി മണ്ഡലങ്ങളിൽ ഉള്ള ചില ബൂത്തുകളിൽ കൂട്ടത്തോടെ വോട്ട് ചേർത്തതായി കണ്ടെത്തി. രണ്ടു മണ്ഡലങ്ങളിൽ വോട്ട് ഉള്ളവരുടെയും പാലക്കാട് രണ്ടു ബൂത്തുകളിൽ പേരുളളവരുടെയും പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറി.
സംശയമുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്കും കൈമാറും. ഈ പട്ടികയിൽ പെട്ടവർ വോട്ട് ചെയ്യാൻ എത്തിയാൽ അവരുടെ ഫോട്ടോ മൊബൈൽ ആപിൽ അപ്ലോഡ് ചെയ്യും. സത്യവാങ്ങ്മൂലവും എഴുതി വാങ്ങും. ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൽ പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

