പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ. അന്തിമ വോട്ടർ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടർമാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2306 പേർ 85 വയസ്സിനു മുകളിൽ പ്രായമുള്ളവരും 780 പേർ ഭിന്നശേഷിക്കാരും നാലു പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 2445 കന്നിവോട്ടർമാരും 229 പേർ പ്രവാസി വോട്ടർമാരുമാണ്. നവംബർ 20 ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയാകും.
ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
മത്സര രംഗത്ത് 10 സ്ഥാനാർത്ഥികൾ
ആകെ പത്തു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സി. കൃഷ്ണകുമാർ (ബി.ജെ.പി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐ.എൻ.സി, ചിഹ്നം: കൈ), ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം:സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ.ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി(സ്വതന്ത്രൻ, ചിഹ്നം:തെങ്ങിൻ തോട്ടം), എൻ.എസ്.കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പു കർഷകൻ), എസ്. ശെലവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രൻ, ചിഹ്നം:ബാറ്ററി ടോർച്ച് ) എന്നിവരാണ് സ്ഥാനാർത്ഥികൾ.
184 പോളിങ് ബൂത്തുകൾ
നാല് ഓക്‌സിലറി ബൂത്തുകൾ (അധിക ബൂത്തുകൾ) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ൽ കൂടുതൽ വോട്ടർമാരുള്ളവിടമാണ് ഓക്‌സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവർ പ്രൈ മറി സ്‌കൂൾ കുന്നത്തൂർ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102 ആം നമ്പർ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഓക്‌സിലറി പോളിങ് സ്റ്റേഷൻ (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെൻട്രൽ ജൂനിയർ ബേസിക് സ്‌കൂൾ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്‌സിലറി ബൂത്തുകൾ പ്രവർത്തിക്കുക.
വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതർ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തിൽ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കൾ സജ്ജീകരിച്ചിരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 220 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കൺട്രോൾ യൂണിറ്റുകൾ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകൾ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറുണ്ടായാൽ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡിൽ (ബെൽ) നിന്നുള്ള രണ്ട് എഞ്ചിനീയര്മാരും പാലക്കാട് എത്തിയിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് സംവിധാനം
സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 19 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്.സിവിൽ സ്റ്റേഷനിൽ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ ബൂത്തുകളിൽ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ് വെബ്കാസ്റ്റിംഗ് നിരീക്ഷണം. പോളിങ് ദിനത്തിൽ രാവിലെ അഞ്ച് മുതൽ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവർത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ്സ്ട്രീമിങ് ഉണ്ടായിരിക്കും.
പ്രശ്നബാധിത ബൂത്തുകൾ
മണ്ഡലത്തിൽ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളിൽ കേന്ദ്ര സുരക്ഷാ സേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിപ്പുറം യൂണിയൻ ബേസിക് യു.പി സ്‌കൂൾ (ബൂത്ത് നം. 49, 50), കർണ്ണകയമ്മൻ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീർപന്തൽ എ.എം.എസ്.ബി സ്‌കൂൾ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകൾ. ഇവിടങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ അധികസുരക്ഷയൊരുക്കും.

