പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയത്തിൽ മതം കലർത്താനുള്ള കുടില തന്ത്രം; രാഷ്ട്രീയ പാർട്ടി നേതാക്കൾ എല്ലാവരും വിമർശന വിധേയരാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും അത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റേതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പാർട്ടി നേതൃത്വത്തിലുള്ളവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് സ്വാഭാവികമാണ്. അത് സഹിഷുണതയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്യുക എന്നതാണ് ജനാധിപത്യ മര്യാദയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചാൽ അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കെപിസിസി പ്രസിഡന്റിനെ എത്രയോ തവണ വിമർശിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ ഈ നിലവിളിയൊന്നും കേട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഏതൊക്കെ തരത്തിലാണ് കടന്നാക്രമിക്കുന്നത്. മുസ്ലീം ലീഗ് പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ മാത്രം വിമർശിക്കാൻ പാടില്ലേ. ആ വിമർശനം എങ്ങനെയാണ് ഒരു പ്രത്യേക മതത്തിനെതിരെയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയത്തിൽ മത വൈരാഗ്യം കലർത്താനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയയാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. അങ്ങനെയൊരാൾ പാണക്കാട്ടേക്ക് വരുമ്പോൾ നേരത്തെ നടത്തിയ പ്രസ്താവനയൊന്നും തള്ളിപ്പറഞ്ഞിട്ടില്ല. ചുട്ടുകൊല്ലണമെന്ന് ഉൾപ്പെടെ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്ക് കോൺഗ്രസും ലീഗും സർട്ടിഫിക്കറ്റ് നൽകുകയാണ്. ഇത് നാടാകെ അംഗീകരിക്കണമെന്ന് പറയുന്നത് ശരിയാണോ. മതന്യൂനപക്ഷങ്ങളുടെ പൊതുബോധത്തെ ഞങ്ങളാണ് നിശ്ചയിക്കുന്നതെന്ന് ചിലർ തീരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്നും ഇത് മുന്നിൽകണ്ടാണ് ബിജെപിയും കോൺഗ്രസും മത വർഗീയത ഇറക്കുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.