ജി20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബ്രസീലിൽ എത്തിയത്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. പ്രസിഡന്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഗയാനയിലെത്തുന്നത്. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ സന്ദർശനം നടത്തുന്നത്.