നിർണായക നീക്കം; ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ

പാലക്കാട്: ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു.

ബിജെപി നേതൃത്വവുമായി സന്ദീപ് വാര്യർ ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സന്ദീപ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ബിജെപിയുമായുള്ള അകച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമായത്. തുടർന്ന് സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ കെ ബാലൻ രംഗത്തെത്തിയിരുന്നു.

പലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാർ ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.