മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് കൈമാറി ഡിജിപി

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് കൈമാറി ഡിജിപി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോൺ ഹാക്ക് ചെയ്താണെന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി. എന്നാൽ, ഈ പരാതി പൊലിസ് തള്ളിയിരുന്നു. ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്. ഫോണുകൾ ഫോർമാറ്റ് ചെയ്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണന് തിരിച്ചടിയാകും.

ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ സജീവമല്ലാത്തിനാൽ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്ന് മെറ്റ അറിയിച്ചിരുന്നു.