ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം; 27 പേർ കൊല്ലപ്പെട്ടു

ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. 27 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അൻപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരം ആണ്. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉഗ്ര സ്‌ഫോടനം ഉണ്ടായത്. പെഷവാറിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും യാത്രക്കാരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ചാവേർ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. മുൻപ് പലതവണയും ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.