കൊച്ചി: ഒപ്പം നിന്നവർക്കും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ച് നടൻ നിവിൻ പോളി. ബലാത്സംഗ കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. തന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും പ്രാർഥനകൾക്കും നന്ദി പറയുന്നുവെന്ന് നിവിൻ പോളി പറഞ്ഞു.
നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കിയിരുന്നു. കേസ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനി നൽകിയ പരാതി. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

