താൻ സൂപ്പർസ്റ്റാർ അല്ല; തങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂവെന്ന് സൂര്യ

ആരാധകരുടെ ഇഷ്ട താരമാണ് സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. മുംബൈയിൽ നടന്ന കങ്കുവ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് സൂര്യ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ സൂപ്പർസ്റ്റാർ അല്ലെന്നാണ് താരം പറയുന്നത്. തങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണെന്ന് സൂര്യ വ്യക്തമാക്കുന്നു. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ ചൂണ്ടിക്കാട്ടി.

രജനികാന്തിനോടുള്ള നടന്റെ ബഹുമാനം എന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ ഈ വാക്കുകൾ വൈറലാകുന്നത് നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെത്തിക്കുന്നത്.

ബോളിവുഡ് നടി ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോൾ, ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നുണ്ട്.