ഹൈദരാബാദ്: മധ്യവയസ്‌കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് സൈബർ തട്ടിപ്പ് സംഘം. സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാൻ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന 63 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സ്വദേശിയാണ് വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് കബളിപ്പിക്കപ്പെട്ടത്.
സ്റ്റോക്ക് ഡിസ്‌കഷൻ ഗ്രൂപ്പ് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേർന്നതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. പ്രശസ്ത സാമ്പത്തിക ഉപദേഷ്ടാവെന്ന് സ്വയം പരിചയപ്പെടുത്തിയ കുണാൽ സിംഗായിരുന്നു ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റർ. സ്റ്റോക്കുകളിൽ നിന്ന് 500 ശതമാനം വരെ ഉയർന്ന വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ മധ്യവയസ്‌കനെ കബളിപ്പിച്ചത്. ഇയാളുടെ നിർദ്ദേശ പ്രകാരം മധ്യവയസ്‌കൻ സ്റ്റോക്ക് ട്രേഡിംഗ് പഠിക്കാനായി ചില ഓൺലൈൻ ക്ലാസുകളിൽ ചേർന്നു.
ഈ സെഷനുകളിൽ സ്‌കൈറിം ക്യാപിറ്റൽ എന്ന പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപങ്ങൾ നടത്താൻ തട്ടിപ്പുകാർ ഇരയോടും മറ്റുള്ളവരോടും നിർദ്ദേശിച്ചു. തുടക്കത്തിൽ ചെറിയ തുകകകൾ നിക്ഷേപിച്ച 63 കാരനെ വലിയ ലാഭം ലഭിച്ചുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്ത ഇവർ ഇതിലേക്ക് 50 ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് മധ്യവയസ്‌കൻ പണം നിക്ഷേപിച്ചെങ്കിലും ലാഭം പിൻവലിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് തട്ടിപ്പിന് ഇരയായെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.

