വളരെ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിന് പങ്കെടുത്തതിന് തനിക്കെതിരെയുണ്ടായ വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനാർക്കലി ഇക്കാര്യം വ്യക്തമാക്കിയത്. അനാർക്കലിയുടെ പിതാവ് നിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
താൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവർക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു ആ പോസ്റ്റ്. അവർ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കെട്ടുന്നതിൽ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നിൽക്കാതിരിക്കേണ്ട ആവശ്യം തനിക്കുമില്ല. തനിക്ക് രണ്ടുപേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിന്റെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നുള്ളതാണ് താൻ ചെയ്യേണ്ട ഏറ്റവും വലിയ ശരി.
താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണമെന്ന് താരം കൂട്ടിച്ചേർത്തു.

